
കൊച്ചി: ഓണാഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചുകൊണ്ട് ബെംഗളൂരുവിലേക്കുള്ള നവീകരിച്ച വന്ദേ ഭാരത് എക്‌സ്പ്രസ് യാത്ര തുടങ്ങി. കോച്ചുകളുടെ എണ്ണം 8 ല്‍ നിന്ന് 16 ആയി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഫ്‌ളാഗ് ഓഫ് ചെയ്തു.
എറണാകുളം എംപി ഹൈബി ഈഡന്‍, രാജ്യസഭാ എംപി ഹാരിസ് ബീരാന്‍, എറണാകുളം എംഎല്‍എ ടി.ജെ. വിനോദ് ഉള്‍പ്പെടെയുള്ള ജന നേതാക്കളും മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. ഹ്രസ്വമായ ഔദ്യോഗിക ചടങ്ങില്‍ വന്ദേമാതരം, ദേശഭക്തി ഗാനം, ദേശീയ ഗാനം എന്നിവ ഉണ്ടായിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച്, ട്രെയിന്‍ പോയതിനുശേഷം, സംസ്ഥാന കമ്മിറ്റി അംഗം സി.ജി. രാജഗോപാലിന്റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ വേദിക്കരികെ ഒത്തുകൂടി ദേശഭക്തി ഗാനങ്ങള്‍, വന്ദേമാതരം, ദേശീയഗാനം എന്നിവ ആലപിച്ചു.
സംഭവത്തില്‍ ബിജെപി ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ചു. പരിപാടിയുടെ നടത്തിപ്പിന് ഉത്തരവാദികളായവര്‍ വന്ദേമാതരത്തെയും ദേശീയഗാനത്തെയും മനഃപൂര്‍വ്വം അവഗണിച്ചുവെന്നും അങ്ങനെ ചെയ്യുന്നതിലൂടെ രാഷ്ട്രത്തിന്റെ ആത്മാവിനും കേന്ദ്ര സര്‍ക്കാരിന്റെയും പാര്‍ലമെന്റിന്റെയും തീരുമാനങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നും ആരോപണമുയര്‍ന്നു.
ഈ ദേശീയ ചിഹ്നങ്ങള്‍ ഒഴിവാക്കാനുള്ള തീരുമാനത്തില്‍ ഉള്‍പ്പെട്ട എല്ലാവരെയും തിരിച്ചറിഞ്ഞ് അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പരിപാടിയില്‍ പങ്കെടുക്കുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തത് ഒരു കേന്ദ്രമന്ത്രിയായതിനാല്‍, വന്ദേമാതരവും ദേശീയഗാനവും മനഃപൂര്‍വ്വം ഒഴിവാക്കിയത് ഗുരുതരമായ ഒരു കാര്യമായി ബിജെപി കാണുന്നു. ഇത് കേവലം നടപടിക്രമങ്ങളിലെ വീഴ്ചയായി കണക്കാക്കരുതെന്നും, മറിച്ച് രാജ്യത്തിന്റെ അന്തസ്സിനെയും ഇന്ത്യാ സര്‍ക്കാരിന്റെ അധികാരത്തെയും ദുര്‍ബലപ്പെടുത്തുന്ന സംഭവമായി കണക്കാണമെന്നും ആവശ്യപ്പെട്ടു.
Photo Courtesy - Google










